ഉണ്ണി

ഉണ്ണിണ്ടായപ്പളേ നിക്ക് എത്ര സന്തോഷായടക്ക്ണു അറിയോ. വടക്കില്ലത്തും പടിഞ്ഞാറേടത്തും ഒക്കെ കുട്ട്യോളാ, ഇബ്ടെ മാത്രേ ഉണ്ണിള്ളൂ. പരമീശരന്റേം ശ്രീധരന്റെം ഒക്കെ വേളി ഒപ്പാര്ന്നൂയലോ. പക്ഷെ പാച്ചൂനും ആര്യക്കും മാത്രം ഉണ്ണി. ഉണ്ണില്ല്യെങ്കിൽ മരിച്ചാ നരകത്തിൽ പതിക്കുംന്നാണല്ലോ, പക്ഷെ ഞാൻ സ്വര്ഗ്ത്തിലേ പോവുള്ളൂ അതിക്കിശ്ശണ്ട്. ഉണ്ണിക്ക് ഉണ്ണീന്നന്നെ പേരിട്ടാമതീന്നു ഞാനേ പറഞ്ഞത്. എത്ര മിടുക്കനാറിയ്യോ. എന്നും എൻറെ കൂടെ കുളിച്ച് തൊഴാൻ വരും. സന്ധ്യക്ക് ജപിക്കും. സ്കൂളിൽ ചേർത്തിട്ടും കൂടി ദൊക്കെ ചെയ്യും. ശ്രീധരന്റെ കുട്ട്യോൾക്ക് ദൊന്നും ല്യേ. പരീക്ഷക്കാലായ ഉണ്ണിക്ക് പിന്നെ ജപന്ന്യെള്ളൂ. സ്കൂളിൽ പോവുമ്പളും വരുമ്പളും ഒക്കെ ജപം. ഒരീസം ചോദ്യക്കടലാസ്സിന്റെ മീതെ ‘ട ട ക’ ന്നെഴുതീരിക്കുണു. അപ്പളാ പറേണത് ട ട ക അല്ലാ ഇങ്കിലീസാത്രെ. സ്വാമി ശരണം അയ്യപ്പാ ന്നെഴുതണേന് പകരം ‘S S A’ ന്നെഴുത്യാ മതീന്ന് പറഞ്ഞു. അയ്യപ്പന് ഇങ്കിലീസോക്കെ അറിയേരിക്കും. അന്തര്യാമി അല്ലേ… ഉണ്ണ്യന്നെ ക്ളാസ്സില് ഏറ്റോം മിടുക്കൻ. അയ്യപ്പനെ പ്രാർത്ഥിക്കണോണ്ടന്നെ അല്ലാണ്ട്യോ?.


ഉണ്ണി വല്യേ സ്കൂളിൽക്ക് പൂവാൻ തൊടങ്ങീപ്പൊ ആകെ മാറി. തൊഴലും ജപോം കുളീംകൂടി ഇല്ല്യാണ്ടായി. ചെറിയെ ചെറിയെ പാൻറും ബനീനും ഒക്കെട്ട് ഇങ്ങനെ നടക്കും. മുണ്ടുംകൂടി ഉടുക്കാണ്ടായി. ഒരീസം നോക്കീപ്പോ ബനീനിൽ ഒരാളടെ പടം. ഏതോ വല്യേ ആളാത്രേ. കൊറേ കൊറേ വല്യേ കാര്യങ്ങൾ പറഞ്ഞിണ്ടത്രേ. പേരെന്താ ചോദിച്ചപ്പോ എണീറ്റ് വര്യ ന്നോറ്റെ പറഞ്ഞു. ” മുത്തശ്ശി ചേഗുവേര ന്ന് പറഞ്ഞാമതീ ന്ന് പറഞ്ഞ് എണീറ്റ് പോയി. അദ്ദേഹം പറഞ്ഞതാത്രേ ഇപ്പളത്തെ കുട്ട്യോൾ കേൾക്കണേ. എന്താ അദ്ദേഹം പറഞ്ഞടക്കണേ ചോദിച്ചപ്പോ അതൊക്കെ ഞങ്ങടെ പാർട്ടിലുള്ള വല്യ ആൾക്കാർ പറഞ്ഞു തരുംന്ന്. എന്താ ഈ പാർട്ടി ന്നു പറഞ്ഞാ ആവോ?.


ഒരീസം പരമീശരൻ തിടുക്കപ്പെട്ട് വല്യസ്കൂളിൽക്ക് പോവ്യേണ്ടായി. എന്താന്നൊന്നും എന്നോട് പറഞ്ഞില്ല്യ. ആര്യെ പറഞ്ഞ് ഉണ്ണി എന്തോ ചെയ്തൂന്ന്. വല്യമാഷ് തല്ലൊന്നും കൊടുത്തില്ല്യേരിക്കും. എന്തായാലും കൊറച്ചീസം ഉണ്ണി ഇല്ലത്ത്ന്ന് എങ്ങടും പോയില്ല്യ. പിന്നെ ആരോ പറഞ്ഞു കുട്ട്യോള് എന്തോ വണ്ടി കത്തിച്ചു അതില് കത്തിക്കാൻ ഉണ്ണീം പോയേർന്നൂന്ന്. മൂന്നു കൊല്ലേ പഠിപ്പ്ള്ളുന്നാ ആദ്യം പറഞ്ഞെ. പക്ഷേ ഉണ്ണീടെ 22 ാo പിറന്നാളിന്റെ അന്നേ ഉണ്ണിക്ക് പഠിച്ചതിന്റെ എന്തോ ഒന്ന് കിട്ടീള്ളു.


പിന്നെ ജോലി നോക്കി കൊറേ നടന്നു. പരമീശരൻറെ കൂടെ തന്ത്രത്തിന് പൂവാൻ പറഞ്ഞാ കൂട്ടാക്കില്യ. ന്നാ കാവില് പൂജ കഴിക്കാൻ പറഞ്ഞാ ദേഷ്യപ്പെടും . ന്നട്ട് പെട്ടന്നൊരീസം ഞാൻ ജോലി നോക്കി ബോംബക്ക് പൂവ്വാന്ന് പറഞ്ഞ് ഒറ്റപ്പോക്ക് . പിന്നെ കൊറേ നാൾ ഞങ്ങൾ കുറേ പരിഭ്രമിച്ചു . മൂന്നാല് കൊല്ലം കഴിഞ്ഞപ്ളാ ഒരു ഫോണ് വന്നത്. നല്ല ജോലി കിട്ടി കുറേ ശമ്പളം കുറേ പൈസ അയച്ചിണ്ട് ന്നൊക്കെ പറഞ്ഞ് . പിന്നെ ധാരാളം പൈസ അയക്കാറുണ്ട് ഇല്ലം നേരെയാക്കി , വല്യേ കാറ് മേടിച്ചു . എനിക്കും വഴിപാട് കഴിക്കാൻ കൊറേ പൈസ തരും. വേളിക്കാര്യം പറഞ്ഞാ പറയും ഉണ്ണീടെ ജോലിക്ക് പറ്റ ണ പെണ്കുട്ടി ഇണ്ടാവില്യ അതോണ്ട് വേണ്ടാന്ന് . ഇന്നലെ ഉണ്ണി വന്നൂട്ടോ .കണ്ടാ അറിയില്യ .കേമാനയടക്കുണു . വല്യേ സ്വർണമാലേം മോതറോം ഒക്കെ ആയി .ഇന്നലെ എന്റടുത്ത് ഇരുന്നപ്പൊ ഞാൻ ചോദിച്ചു ” എന്താ നിന്റെ ജോലി ?”

” ശാന്തി “.

Advertisements

4 thoughts on “ഉണ്ണി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s